പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, അബ്സൊല്യൂട്ട് വോഡ്ക എന്നിവയുടെ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി പേര്‍ണോഡ് റിക്കാര്‍ഡ് ഇന്ത്യയില്‍ വലിയൊരു നികുതി പ്രതിസന്ധിയിലേക്ക്. ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിയുടെ യഥാര്‍ത്ഥ ചേരുവകളും പഴക്കവും മറച്ചുവെച്ച് കോടികളുടെ നികുതി വെട്ടിച്ചു എന്നതാണ് പ്രധാന ആരോപണം.
കുടിശ്ശികയിനത്തില്‍ 314 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 3000 കോടി രൂപ അടച്ചുതീര്‍ക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടപടി വലിയൊരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം, സ്കോച്ച് കോണ്‍സെന്‍ട്രേറ്റുകളുടെ യഥാര്‍ത്ഥ വില 67.49 ശതമാനത്തോളം കുറച്ചുകാണിച്ചാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇന്ത്യയില്‍ ഇത്തരം ഇറക്കുമതികള്‍ക്ക് 150 ശതമാനം നികുതി ബാധകമാണ്.
കമ്പനിയുടെ പ്രശസ്തമായ റോയല്‍ സ്റ്റാഗ് പോലുള്ള ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നത് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന കോണ്സെന്ട്രേറ്റുകളില് വെള്ളവും കാരമലും മറ്റ് ചേരുവകളും ചേര്‍ത്താണ്. കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി പ്രത്യേക രഹസ്യ കോഡുകള്‍ കമ്പനി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2011 മുതല്‍ ഇന്ത്യയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആര്.എഫ്.എം, എച്ച്.എം.ഡബ്ല്യു തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നത്. യുകെയിലെ സബ്സിഡിയറി കമ്പനിയായ ഷിവാസ് ബ്രദേഴ്സില്‍ നിന്നാണ് ഈ വസ്തുക്കള്‍ എത്തിച്ചിരുന്നത്.
ഇതിലൂടെ ലഭിച്ച അധിക ലാഭം ഫ്രാന്‍സിലെ മാതൃകമ്പനിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. നിലവില്‍ 3000 കോടി രൂപയാണ് നികുതി ബാധ്യതയെങ്കിലും, പിഴ കൂടി ചേരുമ്പോള്‍ ഈ തുക 600 മില്യണ്‍ ഡോളറിന് മുകളിലേക്ക് ഉയരും.
ഇത് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ അഞ്ചിലൊന്നോളം വരും. ഈ തര്‍ക്കം കമ്പനിയുടെ ലാഭവിഹിതത്തെയും സാരമായി ബാധിക്കും.
പേര്‍ണോഡ് റിക്കാര്‍ഡിന്റെ ആഗോള വില്‍പ്പനയുടെ പത്ത് ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട
നിയമക്കുരുക്കുകള്ക്കിടയിലാണ് കമ്പനിക്ക് ഈ പുതിയ തിരിച്ചടി കൂടി നേരിടേണ്ടി വരുന്നത്. എന്നാല്‍ തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പേര്‍ണോഡ് ഇന്ത്യ വ്യക്തമാക്കി.
അന്വേഷണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ വസ്തുതാവിരുദ്ധമായ താരതമ്യമാണ് നടത്തുന്നതെന്നും, തങ്ങള്‍ക്ക് അനുകൂലമായ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും കമ്പനി വാദിക്കുന്നു.
2014-ല്‍ തുടങ്ങിയ നികുതി തര്‍ക്കത്തില്‍ 2025 സെപ്റ്റംബറിലാണ് അന്തിമ നോട്ടീസ് ലഭിച്ചത്. അമിതമായ കാലതാമസം തങ്ങളുടെ ബിസിനസ് താല്പര്യങ്ങളെ ബാധിക്കുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സമാന രീതിയില്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ അടിസ്ഥാനമാക്കിയാണ് താരതമ്യം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

