രാജ്യത്ത് ഇത്തവണത്തെ കാലവർഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. കാലവർഷം ആരംഭിക്കുന്ന കൃത്യമായ തീയതി സംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നും, അടുത്ത 7 ദിവസത്തിനുള്ളിൽ മൺസൂൺ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് അധികൃതരുടെ നിലവിലെ വിലയിരുത്തൽ.
മൺസൂൺ വരവിലെ കാലതാമസം രാജ്യത്ത് ഇതിനോടകം തന്നെ കടുത്ത ഉഷ്ണതരംഗത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമായിട്ടുണ്ട്. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് കാലവർഷം ദുർബലമാകാൻ കാരണമാകുന്നതെന്ന ആശങ്ക ശക്തമാണ്.
എൽ നിനോ പ്രതിഭാസം രാജ്യത്തെ ബാധിച്ചാൽ കാലവർഷം 90 ശതമാനമായി കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഐഎംഡി പുറത്തുവിട്ട
കണക്കുകൾ പ്രകാരം, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ദീർഘകാല ശരാശരിയുടെ 90 ശതമാനത്തിൽ ഒതുങ്ങാനാണ് സാധ്യത. ഏപ്രിൽ 30-ന് പുറത്തിറക്കിയ പ്രവചനത്തിലും മഴയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
എൽ നിനോ പ്രതിഭാസം
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി ഉയരുന്നതിനെയാണ് എൽ നിനോ എന്ന് വിളിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനും രൂക്ഷമായ വരൾച്ചയ്ക്കും ഇത് വഴിവെക്കുന്നു.
പ്രകൃതിക്ഷോഭങ്ങൾക്കും അന്തരീക്ഷ ചംക്രമണത്തിലെ വലിയ മാറ്റങ്ങൾക്കും ഈ പ്രതിഭാസം കാരണമാകുന്നുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, 2026 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 82 ശതമാനമാണ്. ഈ വർഷാവസാനം വരെ പ്രതിഭാസം നിലനിൽക്കാൻ 96 ശതമാനം സാധ്യതയുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2015-16 കാലഘട്ടത്തിലുണ്ടായ റെക്കോർഡ് എൽ നിനോയെക്കാൾ തീവ്രതയേറിയ ഒന്നായിരിക്കും വരാനിരിക്കുന്നതെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

