ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഭാഗം തകർന്നുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ലാൽപുര പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മോരകന്ദർ പർസാനി ഗ്രാമത്തിന് സമീപമാണ് ദുരന്തം നടന്നത്.
കുരാര മേഖലയെ ബന്ധിപ്പിക്കുന്നതിനായി നിർമ്മിച്ചു കൊണ്ടിരുന്ന പാലത്തിന്റെ കോൺക്രീറ്റ് സ്ലാബാണ് ഇന്ന് പുലർച്ചെ 3 മണിയോടെ ശക്തമായ മഴയിലും കാറ്റിലും തകർന്നുവീണത്. രാത്രി ഷിഫ്റ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്നവരും, മഴയിൽ നിന്ന് സുരക്ഷിതരാകാൻ പാലത്തിനടിയിൽ അഭയം പ്രാപിച്ചവരുമാണ് അപകടത്തിൽപ്പെട്ടത്.
ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരണപ്പെട്ടത്. ഇവർ ബന്ദ, ഹമീർപൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
സംഭവം അറിഞ്ഞയുടൻ പോലീസ് സംഘവും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തകർന്ന സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.
പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടന്ന ചില തൊഴിലാളികളെയും സുരക്ഷിതമായി താഴെയിറക്കിയതായി അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതീവ ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാനും, പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

