പിണറായി വിജയന്റെ വസതിയിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയെക്കുറിച്ചും തുടർന്നുണ്ടായ പ്രതിഷേധങ്ങളെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നും പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് എത്തിയ വേളയിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതേ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ വി ഡി സതീശൻ തയ്യാറായിട്ടില്ല. ഡൽഹിയിലും തിരുവനന്തപുരത്തും മാധ്യമങ്ങളെ കണ്ടിട്ടും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ അദ്ദേഹം മുതിർന്നില്ല.
അതേസമയം, ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ് – ബിജെപി ഒത്തുകളിയാണെന്ന ആരോപണം സിപിഐഎം നേതൃത്വം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നയപ്രഖ്യാപന ദിവസമായ ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻടോൺമെൻ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചു.
ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകിയത്. എന്നാൽ, സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും തടസ്സമില്ലാതെ വസതിയിലേക്ക് കടത്തിവിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതിനിടെ, തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ 19 പേരാണ് പോലീസ് പിടിയിലായിട്ടുള്ളത്.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണി ഉൾപ്പെടെയുള്ളവരെ ഇനിയും പിടികൂടാനുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നേരിട്ട് പങ്കെടുത്ത 10 പേർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ സിപിഐഎം പാളയം ലോക്കൽ സെക്രട്ടറി ഐ പി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള ഭൂരിഭാഗം പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, പോലീസ് മേധാവി ഇന്ന് ആഭ്യന്തര മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

