ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് ടീം നേതൃത്വത്തിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ടീം നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുടർച്ചയായ സീസണുകളിലെ ടീമിൻറെ നിരാശാജനകമായ പ്രകടനമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചത്. 2026 സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 10 എണ്ണത്തിലും പരാജയപ്പെട്ട
ടീം, പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. തുടർച്ചയായ ആറാം വർഷമാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടത്തിന് അടുത്തെത്താതെ മടങ്ങുന്നത്.
2024-ലാണ് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന്റെ നായകനായി നിയമിച്ചത്. എന്നാൽ, നായകനായി ചുമതലയേറ്റ ശേഷം ടീമിലെ മുതിർന്ന താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയായിരുന്നു.
കൂടാതെ, കളിക്കളത്തിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ, ഹാർദിക് പാണ്ഡ്യയെ ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രം ടീമിൽ നിലനിർത്തണോ എന്ന കാര്യത്തിൽ മാനേജ്മെന്റ് ചർച്ചകൾ നടത്തിവരികയാണ്.
അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ഫ്രാഞ്ചൈസി, വരാനിരിക്കുന്ന സീസണുകളിൽ ടീമിലെ എല്ലാ കളിക്കാരും പരിശീലകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകാനാണ് സാധ്യത. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് വലിയ മാറ്റങ്ങൾക്കാണ് മുംബൈ ഇന്ത്യൻസ് തയാറെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

