ജമ്മു കശ്മീരിലെ രജൗരി വനമേഖലയിൽ ഭീകരർക്കെതിരെ നടന്നു വരുന്ന സൈനിക നടപടി അന്തിമഘട്ടത്തിലേക്ക് കടന്നതായി സുരക്ഷാ സേന വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായി, വനത്തിനുള്ളിൽ ഭീകരർ ഒളിച്ചിരുന്ന കേന്ദ്രം സൈന്യം തകർത്തു.
നിലവിൽ വനത്തിലെ ഗുഹയ്ക്കുള്ളിലാണ് തീവ്രവാദികൾ തമ്പടിച്ചിരിക്കുന്നതെന്നാണ് വിവരം. ഓപ്പറേഷൻ ഷെരുവാലി എന്ന പേരിൽ ആരംഭിച്ച സംയുക്ത നീക്കം ആറാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഭീകരർക്ക് ഒളിത്താവളം വിട്ടുപോകാൻ കഴിയാത്ത വിധം സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്.
മേഖലയിൽ രാത്രിയിലും ശക്തമായ വെടിവെപ്പ് തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്.
നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ വച്ച് സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കുറഞ്ഞത് മൂന്നിലധികം തീവ്രവാദികൾ ഈ ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം.
ഭീകരർ രക്ഷപ്പെടുന്നത് തടയാനായി വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് നിലവിൽ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

