രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യുടെ രണ്ട് ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. നടപ്പ് വർഷം ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തോടെ ഓഹരി വിൽപന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ നടപടിയിലൂടെ ഖജനാവിലേക്ക് 10,000 കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് (ക്യുഐബി) മുൻഗണന നൽകിക്കൊണ്ടായിരിക്കും ഓഹരികൾ കൈമാറുക.
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) ആണ് വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
2022-ൽ ആണ് കേന്ദ്രം ആദ്യമായി എൽഐസി ഓഹരികൾ വിപണിയിലിറക്കിയത്. പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) 3.5 ശതമാനം ഓഹരികൾ വിറ്റ് 21,000 കോടി രൂപ സമാഹരിച്ചിരുന്നു.
അന്ന് ഒരു ഓഹരിക്ക് 949 രൂപയായിരുന്നു വില. ഓഹരി വിൽപന സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ എൽഐസി തളർച്ച നേരിട്ടു.
ഉച്ചയോടെയുള്ള വ്യാപാരത്തിൽ നിഫ്റ്റിയിൽ 3.32% ഇടിഞ്ഞ് ഓഹരി വില 826.55 രൂപയിലെത്തി. വ്യാപാരത്തിനിടെ വില 818.85 രൂപ വരെ താഴ്ന്നിരുന്നു.
ഓഹരി വിൽപനയുടെ ലക്ഷ്യം
മാർച്ച് 31-ലെ കണക്കുപ്രകാരം എൽഐസിയിൽ 96.5% ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ കുറഞ്ഞത് 25% പൊതു ഓഹരി പങ്കാളിത്തം ഉറപ്പാക്കണമെന്ന സെബിയുടെ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ഓഹരികൾ വിറ്റഴിക്കുന്നത്.
ഈ ചട്ടം പാലിക്കുന്നതിനായി 2032 വരെ കേന്ദ്രത്തിന് സാവകാശം ലഭിച്ചിട്ടുണ്ട്. വിപണിയിലെ നിലവിലെ സാഹചര്യം
5.23 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള എൽഐസിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 2025 ജൂൺ 30-ലെ 980 രൂപയും, കുറഞ്ഞ വില 2026 ഏപ്രിൽ 2-ലെ 721.50 രൂപയുമാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിക്ഷേപകർക്ക് 36% നേട്ടം നൽകാൻ എൽഐസിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വിലയിൽ 5% കുറവുണ്ടായിട്ടുണ്ട്. 2026-ൽ ഇതുവരെ 3% ഇടിവ് രേഖപ്പെടുത്തിയ ഓഹരി കഴിഞ്ഞ ഒരാഴ്ചയിൽ 3.27% നേട്ടം കൈവരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഈ ലേഖനം നിക്ഷേപങ്ങൾക്കുള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തം നിലയിൽ പഠനം നടത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

