ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ 19 കാരിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാ വേളയിൽ യുവതി ഗർഭിണിയാണോ എന്ന് സംശയം തോന്നിയ ഡോക്ടർമാർ പരിശോധനയ്ക്ക് നിർദേശിച്ചെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ല.
പിന്നീട്, തിങ്കളാഴ്ച അർദ്ധരാത്രി 12.15-ഓടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെച്ച് യുവതി പ്രസവിച്ചു. തുടർന്ന് പൊക്കിൾ കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം നവജാത ശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നിലവിൽ അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മെഡിക്കൽ കോളേജിലെ ന്യൂ ബോൺ ഐസിയുവിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. യുവതിയുടെ ആരോഗ്യനിലയും നിലവിൽ ഭേദപ്പെട്ട
നിലയിലാണ്. പെൺകുട്ടി അവിവാഹിതയാണെന്നും ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ വീയപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

