അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വാർഷിക ആരോഗ്യപരിശോധന വിജയകരമായി പൂർത്തിയാക്കി. മെയ് 27, 2026-ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാഷിങ്ടനിലെ വാൾട്ടർ റീഡ് മിലിറ്ററി ആശുപത്രിയിൽ വെച്ചാണ് പരിശോധനകൾ നടത്തിയത്.
എൺപതാം വയസ്സിലേക്ക് കടക്കുന്ന ട്രംപിന്റെ ശാരീരികക്ഷമതയെക്കുറിച്ച് രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ട്രംപിന്റെ ആരോഗ്യം നിലവിൽ അതീവ ശ്രദ്ധാകേന്ദ്രമാണ്.
കഴിഞ്ഞ വർഷം അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ ആരോഗ്യ പരിശോധനയാണിത്. ഔദ്യോഗിക യോഗങ്ങൾക്കിടയിൽ അദ്ദേഹം ഉറക്കം തൂങ്ങുന്നതായും, കൈകളിൽ ചതവുകൾ ശ്രദ്ധയിൽപ്പെട്ടതായും വിവിധ കോണുകളിൽ നിന്നും ആക്ഷേപങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വൈദ്യപരിശോധനയ്ക്ക് ഏറെ പ്രാധാന്യമേറുന്നത്. പരിശോധനകൾ പൂർത്തിയാക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ, തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ “എല്ലാം കൃത്യമായി പരിശോധിച്ചെന്ന്” ട്രംപ് കുറിച്ചു.
പ്രസിഡന്റിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സുതാര്യതയില്ലെന്ന വിമർശനം നേരത്തെ മുതൽ നിലനിൽക്കുന്നുണ്ട്. 2025 ഏപ്രിലിലായിരുന്നു അവസാനത്തെ ഔദ്യോഗിക വാർഷിക പരിശോധന നടന്നത്.
എന്നാൽ, അതേ വർഷം ഒക്ടോബറിൽ അദ്ദേഹം പെട്ടെന്ന് ആശുപത്രി സന്ദർശനം നടത്തിയത് ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു. ജൂൺ 14-ന് എൺപതാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ഡോണൾഡ് ട്രംപ്, തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്.
“50 വർഷം മുമ്പ് എനിക്ക് എന്ത് ഊർജമായിരുന്നോ, അത് ഇപ്പോഴുമുണ്ടെന്ന്” അടുത്തിടെ ഓവൽ ഓഫിസിൽ വെച്ച് അദ്ദേഹം അവകാശപ്പെട്ടിരുന്നു. 2025 ഏപ്രിലിലെ പരിശോധനാ റിപ്പോർട്ട് പ്രകാരം 6 അടി 3 ഇഞ്ച് ഉയരമുള്ള അദ്ദേഹത്തിന്റെ ഭാരം 101.6 കിലോഗ്രാമാണ്.
ജോ ബൈഡനേക്കാൾ ശാരീരികവും മാനസികവുമായ കരുത്ത് തനിക്കുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന ട്രംപിന്റെ ഈ പരിശോധനാ ഫലം രാഷ്ട്രീയവൃത്തങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

