ഐറൺമാൻ എൻഡ്യൂറൻസ് മത്സരത്തിനുള്ള കഠിന പരിശീലനത്തിനിടെ മുൻ നാവിക എഞ്ചിനീയറായ വിൻസെൻസോ ഗാരോഫാലോ നേരിട്ട അപ്രതീക്ഷിത പ്രതിസന്ധിയും തുടർന്നുണ്ടായ മാതൃകാപരമായ ഇടപെടലുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മാൾട്ടയിലെ സെന്റ് പോൾസ് ബേ നഗരത്തിൽ വെച്ചായിരുന്നു സംഭവം. പരിശീലനത്തിനിടെ ഗാരോഫാലോയുടെ വലതു കൃത്രിമക്കാൽ അപ്രതീക്ഷിതമായി ഊരിപ്പോവുകയായിരുന്നു.
റോഡരികിൽ ഒരു കാലുകൊണ്ട് സൈക്കിൾ ബാലൻസ് ചെയ്യാൻ അദ്ദേഹം പാടുപെടുന്നതിനിടയിലാണ് കാൽനടയാത്രക്കാരനായ ഒരാൾ ഓടിയെത്തിയത്. താഴെ വീണ കൃത്രിമക്കാൽ ഉടൻതന്നെ എടുത്തുനൽകിയ ഇദ്ദേഹം, ഗാരോഫാലോയുടെ സൈക്കിൾ മറിഞ്ഞു വീഴാതെ താങ്ങിപ്പിടിക്കുകയും ചെയ്തു.
ആ സമയത്ത് റോഡിൽ തിരക്ക് കുറവായിരുന്നെങ്കിലും, ഈ അപരിചിതന്റെ വേഗത്തിലുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കാൻ സഹായകമായി. സംഭവം ഗാരോഫാലോ തന്നെയാണ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയുടെ നിസ്വാർത്ഥതയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീഡിയോ പങ്കുവെച്ചുകൊണ്ട് ഗാരോഫാലോ കുറിച്ചതിങ്ങനെ: “ഞാൻ ഇതുവരെ ഇത്തരം സംഭവങ്ങൾ വീഡിയോകളിൽ മാത്രമേ കണ്ടിട്ടുള്ളൂ, ഇപ്പോൾ അത് നേരിട്ട് അനുഭവിച്ചു.
ഇതിനെ ഒരു ചിരിയോടെ നേരിടുന്നതാണ് നല്ലത്. ഓടിയെത്തി എന്നെ സഹായിച്ച ആ മാന്യനായ വ്യക്തിക്ക് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
തികച്ചും ദയയുള്ള ഒരു നല്ല മനസ്സ്”. 88 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞത്.
തനിക്ക് നേരിട്ട വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കവേ, ജീവിതം ഏറെ കഠിനമായിരുന്നുവെന്നും എന്നാൽ എന്തുവന്നാലും പിന്മാറില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഗാരോഫാലോ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

