ചിറയിൻകീഴ് പരിധിയിലെ കടയ്ക്കാവൂരിൽ വീടിനു സമീപം പാൽക്കറക്കുന്നതിനിടെ വീട്ടമ്മയ്ക്കു നേരെ ആക്രമണം. ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ സുനിത (42) ആണ് ആക്രമണത്തിനിരയായത്.
ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. വീടിനോടു ചേർന്നുള്ള പശുഫാമിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം സുനിതയെ ആക്രമിച്ചത്.
കൂടെയുണ്ടായിരുന്ന ജോലിക്കാരനെ ചവിട്ടി വീഴ്ത്തിയ ശേഷം ഇവർ സുനിതയുടെ മുഖത്ത് മുളകുപൊടി വിതറി. തുടർന്ന് കഴുത്തിൽ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം സുനിത ധരിച്ചിരുന്ന രണ്ടരപ്പവൻ സ്വർണാഭരണങ്ങൾ കവർന്നു.
ഇതിനിടെ ബ്രേസ്ലെറ്റ് ഊരിയെടുക്കാൻ സാധിക്കാതെ വന്നപ്പോൾ വെട്ടുകത്തി ഉപയോഗിച്ച് അടിച്ചുപൊട്ടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സുനിതയുടെ കൈക്ക് പരുക്കേറ്റു. സംഭവസമയത്ത് നിലവിളി കേട്ട് ഉറക്കത്തിലായിരുന്ന മക്കൾ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും, മോഷ്ടാക്കൾ വീടിനുള്ളിലേക്ക് ബലമായി കടക്കാൻ ശ്രമിച്ചു.
എന്നാൽ, കുട്ടികൾ ഉടൻ തന്നെ വാതിൽ അടച്ചു കുറ്റിയിട്ടതിനാൽ വലിയൊരു അപകടം ഒഴിവായി. വിവരമറിഞ്ഞയുടൻ കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തുടർന്ന് തിരുവനന്തപുരത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ സുനിതയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

