ഇറാൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഉൾപ്പെടെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ ഉയർന്നത്.
മെഹർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ബന്ദർ അബ്ബാസ് നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് ശബ്ദം കേട്ടത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തസ്നിം വാർത്താ ഏജൻസി മേഖലയിൽ മൂന്ന് തവണ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. കൂടാതെ, സിരിക്, ജാസ്ക് തുടങ്ങിയ തീരദേശ മേഖലകളിലും സമാനമായ ശബ്ദങ്ങൾ കേട്ടതായി ഫാർസ് വാർത്താ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
സ്ഫോടനങ്ങളുടെ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വരും മണിക്കൂറുകളിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.
അത് ലോകത്തിന് നല്ല വാർത്ത ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്നിൽ പുതിയ നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ‘എബ്രഹാം ഉടമ്പടി’യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കുക തുടങ്ങിയ കടുത്ത നിബന്ധനകൾക്ക് പുറമെയാണിത്.
2020-ലാണ് ട്രംപ് എബ്രഹാം ഉടമ്പടി അവതരിപ്പിച്ചത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാറിൽ യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രതികരണത്തിൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി സംസാരിച്ചതായി ട്രംപ് വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി ഈ രാജ്യങ്ങൾ ഒരേസമയം കരാറിൽ ഒപ്പുവെക്കണമെന്നാണ് ആവശ്യം.
“ഒന്നുകിൽ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കിൽ വീണ്ടും ശക്തമായ യുദ്ധമുഖത്തേക്ക്” എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

