ആലപ്പുഴ ജില്ലയിലെ ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ തോതിൽ രാസലഹരിയുമായി രണ്ടുപേർ പിടിയിലായി. ആറാട്ടുവഴി വാർഡിൽ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട
വാർഡിൽ മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് വിപണിയിൽ ഏകദേശം 4.5 ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു.
വിപണിയിൽ ഒരു ഗ്രാമിന് 3,000 രൂപയോളം വിലവരുന്ന ലഹരിമരുന്നാണിത്. ഇതിനുപുറമെ, ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ച 4.64 ലക്ഷം രൂപയും, ലഹരി ഇടപാടുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയും മഴു, എസ് ആകൃതിയിലുള്ള കത്തി തുടങ്ങിയ ആയുധങ്ങളും പരിശോധനയിൽ കണ്ടെത്തി.
ജില്ലയിലെ പ്രധാനപ്പെട്ട ലഹരി വിതരണക്കാരാണ് ഇവരെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്, സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ദേശീയപാതയ്ക്ക് സമീപം അൻഷാദ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് നടപടിക്കിടെ പ്രതിയായ അൻഷാദ് എക്സൈസ് ഇൻസ്പെക്ടർ സി.പി.
ദിലീപിനെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റു.
പ്രതിരോധം തീർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. മുൻപും സമാനമായ പല കേസുകളിലും പ്രതിയായ അൻഷാദിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഈ ഓപ്പറേഷനിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ, പ്രിവന്റീവ് ഓഫീസർ പി.
അനിൽലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.
റെനീഷ്, സനൽ സിബിരാജ്, സാജൻ ജോസഫ്, അരുൺ അശോക്, ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

