കൊച്ചി: നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യവുമായി മുനമ്പം സമരസമിതി രംഗത്ത്. കരം അടച്ചുവരുന്ന ഭൂമി എങ്ങനെയാണ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന് സമരസമിതി നേതാക്കൾ ചോദിക്കുന്നു.
തർക്കത്തിലിരിക്കുന്ന ഭൂമി ഇത്തരം പോർട്ടലുകളിൽ ചേർക്കാൻ നിയമപരമായി സാധിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് സമിതി വ്യക്തമാക്കി.
സഭാ നേതൃത്വം നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. “10 മിനിറ്റ് പ്രശ്നപരിഹാരം എന്നത് താൻ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞത്.” സമരം ഇപ്പോൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും, അതിനു മുൻപായി തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി നേതാക്കൾ അറിയിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. അതേസമയം, മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കളാക്കി മാറ്റാനാണ് മുൻ സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
“രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്.
പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്.” എന്നാൽ, നിലവിലെ സർക്കാർ മുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് വി.ഡി.
സതീശൻ ഉറപ്പുനൽകി. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചെന്നും, സിപിഎമ്മും അതേ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. “വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കും, ആരെയും കുടിയിറക്കില്ല.
പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്.” പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

