വയനാട് ജില്ലയിലെ ഏറ്റവും വലിയ അതിഥി മന്ദിരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബത്തേരി ഗെസ്റ്റ് ഹൗസിന്റെ നിർമാണം 16 വർഷം പിന്നിടുമ്പോഴും പൂർണ്ണസജ്ജമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. 54 മുറികളുള്ള ആധുനിക മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത് 2010–11 സാമ്പത്തിക വർഷത്തിലാണ്.
മൂന്ന് വ്യത്യസ്ത സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും പദ്ധതിയുടെ പൂർത്തീകരണം ഇപ്പോഴും കടലാസിൽ മാത്രമായി തുടരുകയാണ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഞ്ചു വർഷവും പിണറായി വിജയൻ സർക്കാരിന്റെ പത്തു വർഷവും പിന്നിട്ടെങ്കിലും, പുതുക്കിയ എസ്റ്റിമേറ്റുകളും ഭരണപരമായ തടസ്സങ്ങളും കാരണം നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസം മുൻപ്, ആവശ്യമായ ഫയർ എൻഒസിയും കെഎസ്ഇബി കണക്ഷനും ലഭ്യമാകാതെ അന്നത്തെ ടൂറിസം മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഗെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അതിഥികൾക്ക് പ്രവേശനം നൽകാൻ ഇനിയും സാധിച്ചിട്ടില്ല.
കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതടക്കമുള്ള സുപ്രധാന പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. കോൺഫറൻസ് ഹാൾ, ഭക്ഷണശാല എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോട് കൂടിയതാണ് പുതിയ ഗെസ്റ്റ് ഹൗസ്.
നിലവിൽ 25 മുറികൾ അതിഥികളെ സ്വീകരിക്കാൻ സജ്ജമാണെന്നും, ബാക്കിയുള്ളവയിൽ ഫർണിച്ചറുകളും അനുബന്ധ സംവിധാനങ്ങളും ക്രമീകരിച്ചാൽ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നുമാണ് വിവരം. നിലവിൽ തൊട്ടടുത്തുള്ള പഴയ ഗെസ്റ്റ് ഹൗസ് ഉൾപ്പെടെ 62 മുറികളാണ് ബത്തേരിയിലുള്ളത്.
സർക്കാർ തലത്തിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ സംവിധാനമായ ഇത് പ്രവർത്തനക്ഷമമായാൽ മേഖലയുടെ ടൂറിസം വികസനത്തിന് വലിയ മുതൽക്കൂട്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

