കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തയായി അറിയപ്പെട്ടിരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികളിൽ നിന്നും രാജിവെച്ചു. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറിയത്.
തൃണമൂലിന്റെ ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ പദവിയും മഹിളാ വിങ് അധ്യക്ഷ സ്ഥാനവുമാണ് കാകോലി ഘോഷ് ദസ്തിദാർ ഒഴിഞ്ഞത്. ഇതിനുപുറമെ, എം.പി സ്ഥാനവും അവർ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ കാകോലി ഘോഷ് ദസ്തിദാർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബാരാസത്ത് മണ്ഡലത്തിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി സമർപ്പിച്ചിരിക്കുന്നത്.
പുറത്തുനിന്നുള്ള ഏജൻസികളെ വിശ്വസിക്കുന്നതിന് പകരം മമത ബാനർജി വിശ്വസ്തരായ സ്വന്തം പ്രവർത്തകരെ ആശ്രയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. “40-45 വർഷത്തെ രാഷ്ട്രീയ പരിചയമുള്ള തങ്ങളെപ്പോലുള്ളവരെ ഭീഷണിപ്പെടുത്താൻ കൺസൾട്ടന്റ് സ്ഥാപനത്തിലെ 22-ഉം 23-ഉം വയസ്സുള്ള കുട്ടികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്ന്” അവർ തുറന്നടിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും ഭരണതലത്തിലെ അഴിമതി ആരോപണങ്ങളും രാജിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ബംഗാൾ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ തന്റെ കുടുംബത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്നും, മമതയോടുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും മകൻ ബൈദ്യനാഥ് ഘോഷ് പ്രതികരിച്ചു.
തൊഴിൽ തട്ടിപ്പ്, റേഷൻ അഴിമതി, ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവം എന്നിവ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1976 മുതൽ മമത ബാനർജിക്ക് ഒപ്പമുള്ള കാകോലി ഘോഷ് ദസ്തിദാർ, നാല് പതിറ്റാണ്ടിന്റെ വിശ്വസ്തതയ്ക്കുള്ള സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവർക്ക് ‘വൈ കാറ്റഗറി’ (Y category) സുരക്ഷ അനുവദിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത് അവരുടെ ബി.ജെ.പി പ്രവേശനത്തിനുള്ള സൂചനയാണെന്ന അഭ്യൂഹം ശക്തമാണെങ്കിലും, അഴിമതിക്കെതിരെയുള്ള നിലപാടാണ് ഇതെന്നാണ് കുടുംബത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

