നാല്പത്തിയേഴ് ദിവസത്തെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ മുംബൈയിൽ കണ്ടെത്തി.
ഹോമിയോപ്പതി മൂന്നാം വർഷ വിദ്യാർത്ഥിയായ അഭയ് സുരേഷ് ബെൽകോണി (25) ആണ് മുംബൈ മലാഡിലെ തെരുവോരത്ത് അവശനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 4-നാണ് നാന്ദേഡിൽ നിന്നുള്ള വിദ്യാർത്ഥിയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്.
300 കിലോമീറ്റർ അകലെയുള്ള ജൽഗാവിലെ കോളജിലേക്ക് പോകുന്നതിനിടെ ഇദ്ദേഹത്തിന്റെ പണം, ഫോൺ, സർട്ടിഫിക്കറ്റുകൾ എന്നിവ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു. നേരിയ മാനസിക പ്രയാസം നേരിട്ടിരുന്ന യുവാവിന് ബാഗ് നഷ്ടപ്പെട്ടത് വലിയ മാനസികാഘാതം ഏൽപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
യാത്രാമധ്യേ വഴിതെറ്റിയ യുവാവ് വിവിധ ട്രെയിനുകളിലായി കറങ്ങി ഒടുവിൽ നാന്ദേഡിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള മുംബൈയിൽ എത്തിച്ചേരുകയായിരുന്നു. വിശപ്പും ദാഹവും കൊണ്ട് അവശനായ വിദ്യാർത്ഥി മുംബൈയിലെ മലാഡ് എസ്.വി റോഡിൽ ഭിക്ഷാടനം നടത്തിവരികയായിരുന്നു.
ഈ സമയം മുംബൈ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ യാദൃച്ഛികമായി കണ്ടെത്തുന്നത്. വൃത്തിഹീനമായ വേഷത്തിൽ അവശനിലയിൽ കാണപ്പെട്ട
യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കാണാതായ വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും പിതാവ് സ്ഥലത്തെത്തി മകനെ ഏറ്റുവാങ്ങുകയുമായിരുന്നു.
മലാഡ് പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന സ്നേഹസംഗമം ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

