ഹജ്ജ് കർമങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ മിനായിലേക്ക് യാത്ര തിരിച്ചു. നാളെ രാവിലെയാകുമ്പോഴേക്കും മുഴുവൻ തീർഥാടകരും മിനായിൽ എത്തിച്ചേരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഇത്തവണ ഇന്ത്യയിൽ നിന്നും ആകെ 1,75,025 പേരാണ് പുണ്യകർമത്തിൽ പങ്കുചേരുന്നത്. ഇതിൽ 1,22,518 തീർഥാടകർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയും, ബാക്കി 52,507 പേർ വിവിധ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് ഹജ്ജ് നിർവഹിക്കുന്നത്.
നിലവിൽ മക്കയിലും പരിസരങ്ങളിലും താമസിക്കുന്ന തീർഥാടകരെ ഹജ്ജ് സർവീസ് ഏജൻസികളുടെ നേതൃത്വത്തിൽ ബസുകളിലാണ് മിനായിലേക്ക് എത്തിക്കുന്നത്. മിനായിൽ വിപുലമായ ക്രമീകരണങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ തീർഥാടകർക്ക് “മികച്ച സേവനം ഉറപ്പ് വരുത്തുമെന്ന് ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികൾ പറഞ്ഞു.” ഇത്തവണത്തെ ഹജ്ജിന്റെ മറ്റൊരു പ്രത്യേകത മഹറം ഇല്ലാതെ, അതായത് പുരുഷന്മാരുടെ സഹായമില്ലാതെ അയ്യായിരത്തോളം സ്ത്രീകൾ തീർഥാടനത്തിന് എത്തിയിട്ടുണ്ട് എന്നതാണ്. സാധാരണയായി 40 മുതൽ 45 ദിവസം വരെയാണ് തീർഥാടകർ മക്കയിലും മദീനയിലുമായി ചെലവഴിക്കാറുള്ളത്.
എന്നാൽ ഇത്തവണ 20 മുതൽ 25 ദിവസം വരെയുള്ള ഹ്രസ്വകാല ഹജ്ജ് പാക്കേജുകളും നിലവിലുണ്ട്. മലയാളികൾ ഉൾപ്പെടെ 10,300-ഓളം തീർഥാടകരാണ് ഈ പാക്കേജ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
കർമങ്ങൾ പൂർത്തിയാക്കി ജൂൺ രണ്ടിന് തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

