ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് രാജസ്ഥാന് അവസാന നാലില്‍ ഇടംപിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയുടെ നടുവൊടിച്ച ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗിലും ബാറ്റിംഗിലും (15 പന്തില്‍ 32) ഒരുപോലെ തിളങ്ങി. മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 60) മാത്രമാണ് പൊരുതിയത്.
വില്‍ ജാക്സ് (18 പന്തില്‍ 33), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 34) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രാജസ്ഥാന് വേണ്ടി ബാറ്റിംഗില്‍ ധ്രുവ് ജുറല്‍ (26 പന്തില്‍ 38) ടോപ് സ്കോററായപ്പോള്‍, ദസുന്‍ ഷനക (15 പന്തില്‍ 29), യശസ്വി ജയ്സ്വാള്‍ (17 പന്തില്‍ 27) എന്നിവരും നിര്‍ണ്ണായക സംഭാവന നല്കി.
14 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് രാജസ്ഥാന് പ്ലേ ഓഫിലെത്തിയത്. ഇതോടെ പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന് നേരിടും. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
രാജസ്ഥാന് റോയല്‍സ് ടീം: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് ടീം: റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്ബിന് ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

