രാജ്യത്ത് രൂപപ്പെട്ടുവരുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വസ്ത്രനിർമാണ മേഖലയിലെ കുത്തകവൽക്കരണത്തിനും എതിരെ ശക്തമായ പ്രതിഷേധവുമായി കേരള ടെയ്ലറിങ് വർക്കേഴ്സ് ഫോറം (കെടിഡബ്ല്യുഎഫ്). എറണാകുളം ടൗൺ ഹാളിൽ ചേർന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് തയ്യൽ തൊഴിലാളികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കെടിഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിബിസി ലേബർ കമ്മിഷൻ ചെയർമാൻ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തേൻ, വൈസ് ചെയർമാൻ ബിഷപ് ജോസ് പൊരുന്നേടം, ടി.ജെ.വിനോദ് എംഎൽഎ, രക്ഷാധികാരി ജോസഫ് ജൂഡ്, കെഎൽഎം പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ, ദേശീയ ഡയറക്ടർ ജോർജ് തോമസ് നിരപ്പുകാലായിൽ, ഫാ.
പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, എച്ച്എംഎസ് ജനറൽ സെക്രട്ടറി ടോമി മാത്യു, ഫോറം ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, ട്രഷറർ മോളി ജോബി എന്നിവർ സംസാരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർപഴ്സൻ എലിസബത്ത് അസീസി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 തയ്യൽ തൊഴിലാളികളെ സമ്മേളനത്തിൽ ആദരിച്ചു. തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി വിവിധ ആവശ്യങ്ങൾ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചു.
തയ്യൽ തൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായുള്ള പ്രത്യേക കർമപദ്ധതികൾ ക്ഷേമനിധി ബോർഡ് നടപ്പിലാക്കുക, ആനുകൂല്യങ്ങളും റിട്ടയർമെന്റ് പെൻഷനും കാലോചിതമായി വർധിപ്പിക്കുക, നിർത്തലാക്കിയ സർവീസ് പെൻഷൻ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ, അർഹരായ മുഴുവൻ കുട്ടികൾക്കും മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്യണമെന്നും, പെൺമക്കൾക്ക് മാത്രമുള്ള വിവാഹ ധനസഹായം ആൺമക്കൾക്കും ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അംഗങ്ങളുടെ പങ്കാളിത്തത്തോടെ പെൻഷൻ ലഭിക്കുന്നവർക്കായി മരണാനന്തര സഹായ പദ്ധതി നടപ്പിലാക്കണമെന്നും പ്രമേയത്തിൽ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

