കൊല്ലം ജില്ലയിലെ കടയ്ക്കൽ അഞ്ചുമുക്കിൽ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ താമസിക്കുന്ന എസ്.സുഗതൻ (67), ഭാര്യ ലത (55) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായ് റാസൽഖൈമയിൽ നിന്നു മൂന്നു ദിവസം മുൻപാണ് ഇരുവരും നാട്ടിലെത്തിയത്. ഇന്നലെ രാവിലെ 11 മണിക്ക് തിരികെ മടങ്ങാനിരിക്കെ, ഇവരെ യാത്രയാക്കാൻ അച്ചാറുമായി എത്തിയ ബന്ധു വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
ലതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയം സുഗതന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.
കടയ്ക്കൽ ഇൻസ്പെക്ടർ വി.ആർ.ശിവകുമാർ നേതൃത്വം നൽകുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാരറകുന്ന് സ്വദേശികളായ ഇവർ വർഷങ്ങൾക്ക് മുൻപാണ് കടയ്ക്കലിൽ വീട് വെച്ച് താമസം തുടങ്ങിയത്.
സുഗതൻ കഴിഞ്ഞ 40 വർഷമായി റാസൽഖൈമയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിവരികയായിരുന്നു. കൂടാതെ ആറ്റിങ്ങലിൽ ഒരു ബാർ ഏറ്റെടുത്തു നടത്തിയിരുന്നെങ്കിലും പിന്നീട് അതിന്റെ ചുമതല മകൻ ഷാനിത്തിന് കൈമാറിയിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായി വിവരമുണ്ട്. മകൾ: അശ്വതി.
മരുമകൾ: വിദ്യ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്കാരം പിന്നീട് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

