ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിട്ട് മൂന്നു മാസം പിന്നിടുന്നു. ഫെബ്രുവരി 19-ന് മുന്‍ ഗതാഗത മന്ത്രി കെ.ബി.
ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയാണ് നാളിതുവരെയായിട്ടും ആരംഭിക്കാനാവാതെ സ്തംഭിച്ചുനില്‍ക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന 34-ാമത് ഡ്രൈവിങ് പരിശീലന കേന്ദ്രമാണിത്.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ഒരു വ്യക്തിക്ക് പോലും ഇവിടെ നിന്ന് പരിശീലനം ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. നിലവിലെ കെഎസ്ആര്‍ടിസി കെട്ടിടത്തില്‍ ഓഫീസിനായി രണ്ട് മുറികള്‍ അനുവദിച്ചതൊഴിച്ചാല്‍, കാര്യമായ ഒരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിടുക്കപ്പെട്ട് നടത്തിയ ഉദ്ഘാടനമായിരുന്നു ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ആദ്യം ഡ്രൈവിങ് പരിശീലനത്തിനായി കണ്ടെത്തിയ ചാവക്കാട് നഗരസഭ ഗ്രൗണ്ടില്‍ വേണ്ടത്ര പഠനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനെത്തുടര്‍ന്ന് പരിശീലനം അസാധ്യമായി.
തുടര്‍ന്ന് സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. നിലവില്‍ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് പരിശീലനം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, അതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
ഉദ്ഘാടനത്തിന് പിന്നാലെ പരിശീലനത്തിനായുള്ള കാര്‍ തിരുവനന്തപുരത്ത് നിന്ന് ഉടന്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, മാസങ്ങള്‍ക്കിപ്പുറവും വാഹനം ലഭ്യമായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത മുന്‍നിര്‍ത്തി ഇരുചക്ര വാഹന ലൈസന്‍സിനായി ഒമ്പത് പേര് ഇതിനകം ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ 10 പേര് തികയാതെ പരിശീലനം ആരംഭിക്കാന്‍ കഴിയില്ലെന്ന വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്. പരിശീലനം എപ്പോള്‍ ആരംഭിക്കുമെന്നോ, പണമടച്ചവര്‍ക്ക് തുക തിരികെ ലഭിക്കുമോ എന്ന കാര്യത്തിലോ പോലും വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ക്ക് സാധിക്കുന്നില്ല.
ഇത് അപേക്ഷകരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

