മൈസൂരുവില്‍ നിന്ന് കാറുവഴി സുല്‍ത്താന്‍ബത്തേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശിയായ പാലത്തി വീട്ടില്‍ ആസിഫ് (42) ആണ് കര്‍ണാടകയിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷനില്‍ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ നഞ്ചന്‍ഗോഡിന് സമീപത്തുവെച്ചാണ് ഈ അക്രമം അരങ്ങേറിയത്. മൈസൂരുവിലെ ഒരു സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായ ആസിഫ് സ്വന്തം കാറിൽ സുല്‍ത്താന്‍ബത്തേരിയിലേക്ക് മടങ്ങുകയായിരുന്നു.
നഞ്ചന്‍ഗോഡിനും ബേഗൂരിനുമിടയിലുള്ള ഇരിക്കാട്ടി എന്ന പ്രദേശത്തുവെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം ആസിഫിന്റെ വാഹനം തടഞ്ഞുനിർത്തുകയും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്നുള്ള നാല് മണിക്കൂറോളം സമയം പ്രതികള്‍ ആസിഫിനെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോയ സംഘം പണം ആവശ്യപ്പെട്ടാണ് ഇത്തരത്തിൽ പെരുമാറിയത്. ആസിഫിന്റെ കാറില്‍ പണം തിരഞ്ഞെങ്കിലും ഒന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഉൾപ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
ഇതിനിടെ ആസിഫിന്റെ മൊബൈല്‍ ഫോണും എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം തട്ടിയെടുത്തു. പാതിരാത്രിയോടെ അക്രമികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട
ആസിഫ് ആദ്യം നഞ്ചന്‍ഗോഡ് പൊലീസ് സ്റ്റേഷനിലും പിന്നീട് സംഭവം നടന്ന പരിധിയിലുള്ള ബേഗൂരിലെത്തിയും പരാതി നല്കി. ആസിഫിന്റെ പരാതിയില്‍ കേസെടുത്ത ബേഗൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവദിവസം തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കുഴല്‍പണം കൈകാര്യം ചെയ്യുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന സംശയം ആസിഫ് പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

