കോട്ടയം: അന്തർസംസ്ഥാന ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കർശന പരിശോധന ആരംഭിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഒരാഴ്ച നീളുന്ന പ്രത്യേക പരിശോധനാ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി അതിഥി തൊഴിലാളികൾ തിരികെ മടങ്ങിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി റെയിൽവേ പൊലീസ് വ്യക്തമാക്കി. ജില്ലാ ഡോഗ് സ്ക്വാഡിലെ നർക്കോട്ടിക് വിഭാഗം നായകളായ റോക്കി, ഡോൺ എന്നിവയുടെ സഹായത്തോടെയാണ് റെയിൽവേ പൊലീസ് പരിശോധന നടത്തുന്നത്.
ട്രെയിനുകളിൽ എത്തുന്ന യാത്രക്കാരെയും അവരുടെ കൈവശമുള്ള ലഗേജുകളും വിശദമായി പരിശോധിക്കണമെന്ന റെയിൽവേ എസ്.പി മുഹമ്മദ് നദിമുദീന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഏപ്രിൽ അവസാന വാരത്തിൽ മാത്രം രണ്ട് കേസുകളിലായി 33 കിലോ കഞ്ചാവാണ് റെയിൽവേ പൊലീസ് പിടിച്ചെടുത്തത്.
ഇതിൽ 28.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളെയും, 3.5 കിലോയുമായി തിരുവനന്തപുരം സ്വദേശികളെയുമാണ് പിടികൂടിയത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ കൂടുതൽ വ്യാപകമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
സ്റ്റേഷൻ ഹൗസ് ഓഫിസർ അനുപ് സി.നായർ, ഉദ്യോഗസ്ഥരായ കെ.ടി.വിനോദ്, ജി.അനിൽകുമാർ, ശ്യാം നിരവത്ത്, എൻ.മൻസൂർ, വി.എച്ച്.അഖിൽ, പി.എസ്. അഖിൽ, ജിബോൺ ജോസഫ്, റോസ്മേരി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

