വെങ്കിടങ്ങ് പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളുടെ സത്യസന്ധത സമൂഹത്തിന് പുതിയൊരു മാതൃകയാകുന്നു. മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണാഭരണം കൃത്യമായി ഉടമസ്ഥന് തിരികെ നൽകിയാണ് ഇവർ ശ്രദ്ധേയരായത്.
പഞ്ചായത്തിലെ ഏഴാം വാർഡിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗങ്ങളായ നിഷ, രാധിക എന്നിവർക്കാണ് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണ കൈച്ചെയിൻ ലഭിച്ചത്. പുതുവീട്ടിൽ അലിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് കവറിൽ ഉണ്ടായിരുന്ന ആഭരണം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഇവർ വീട്ടുടമസ്ഥൻ അലിയുടെ ഭാര്യ സബീനയെ സമീപിച്ച് ആഭരണം കൈമാറുകയായിരുന്നു. ഏകദേശം ഒരു മാസം മുൻപാണ് ഈ സ്വർണാഭരണം വീട്ടുകാർക്ക് നഷ്ടപ്പെട്ടത്.
തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ ആഭരണം നഷ്ടപ്പെട്ടുവെന്നായിരുന്നു ഇവർ കരുതിയിരുന്നത്. തിരികെ ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന ആഭരണം കൈവശം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.
സത്യസന്ധതയും കൃത്യനിഷ്ഠയും തെളിയിച്ച ഹരിത കർമസേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ഇ.വി.പ്രബീഷ്, എൻ.കെ.വിമല എന്നിവർ നേരിട്ടെത്തി അനുമോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

