2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാരിന് 2.87 ലക്ഷം കോടി രൂപ ലാഭവിഹിതമായി കൈമാറാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചു. ഇന്ന് ചേർന്ന ആർബിഐ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്.
നേരത്തെ, 2.9 ലക്ഷം കോടി മുതൽ 3.2 ലക്ഷം കോടി രൂപ വരെ ലാഭവിഹിതമായി ലഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ 2024–25ൽ 2.7 ലക്ഷം കോടി രൂപയും, 2023–2024ൽ 2.11 ലക്ഷം കോടി രൂപയും, 2022–2023ൽ 87,416 കോടി രൂപയും, 2018–2019ൽ 1.76 ലക്ഷം കോടി രൂപയുമാണ് ആർബിഐ കേന്ദ്രത്തിന് കൈമാറിയത്. വിദേശ കടപ്പത്രങ്ങളിൽ നിന്നുള്ള പലിശ, ഡോളർ വിൽപനയിലെ ലാഭം, സർക്കാർ ബോണ്ടുകളിന്മേലുള്ള വരുമാനം എന്നിവയാണ് റിസർവ് ബാങ്കിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ.
പ്രവർത്തന ചെലവുകളും കരുതൽ ധനവും മാറ്റിവെച്ച ശേഷമുള്ള മിച്ചത്തുകയാണ് കേന്ദ്രത്തിന് കൈമാറുന്നത്. ആർബിഐ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ നിന്ന് മൊത്തം 3.16 ലക്ഷം കോടി രൂപയാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ തുക സർക്കാരിന് വലിയ ആശ്വാസമാണ്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും, രൂപയുടെ വിനിമയ നിരക്ക് 96-ലേക്ക് ഉയർന്നതും രാജ്യത്തിന്റെ ധനസ്ഥിതിക്ക് സമ്മർദ്ദമുണ്ടാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണം വാങ്ങുന്നത് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലെ പലിശ നിരക്കിലുണ്ടായ വർധനയും സ്വർണവിലയിലെ കുതിപ്പും റിസർവ് ബാങ്കിന്റെ വരുമാനം വർധിപ്പിക്കുന്നതിൽ നിർണായകമായി.
2024-25 സാമ്പത്തിക വർഷാവസാന കണക്കുകൾ പ്രകാരം 76.25 ലക്ഷം കോടി രൂപയാണ് ആർബിഐയുടെ നീക്കിയിരുപ്പ്. ഭാവിയിലും ഈ തുക വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

