തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ രൂപകല്പനയ്ക്കെതിരെ വ്യാപക പ്രതിഷേധം. ബസുകളിലെ ഗ്ലാസ് ജനലുകൾ, ഇടുങ്ങിയ പാസേജ്, മരത്തടിക്ക് സമാനമായ സീറ്റുകൾ എന്നിവ യാത്രക്കാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ബസിനുള്ളിലെ ഇടുങ്ങിയ സൗകര്യങ്ങൾ കാരണം കണ്ടക്ടർമാർക്ക് ടിക്കറ്റ് പരിശോധന ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലാണ് ബസുകളുടെ നിർമാണമെന്നാണ് പ്രധാന ആരോപണം.
നിലവിൽ ദീർഘദൂര സർവീസുകൾക്കായി ഈ ബസുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അടിയന്തരമായി ഇവ പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പുതിയ ബസുകളിലെ അസൗകര്യങ്ങൾ ദീർഘദൂര യാത്രക്കാരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോഡി കോഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർമാതാക്കൾ നേരിട്ട് നിർമിച്ച ബസുകളാണ് കെഎസ്ആർടിസി വാങ്ങിയിരിക്കുന്നത്.
സീറ്റുകളുടെ ഡിസൈനിൽ മാറ്റം വരുത്തണമെങ്കിൽ നിർമാണ ഘട്ടത്തിൽ തന്നെ നടപടികൾ ആരംഭിക്കേണ്ടതായിരുന്നു. അതേസമയം, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നാഗർകോവിൽ–തിരുവനന്തപുരം റൂട്ടിൽ പുതിയ ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും അവയിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നുണ്ട്.
സീറ്റുകളുടെ ഡിസൈൻ മാറ്റം നിർദ്ദേശിക്കാൻ കെഎസ്ആർടിസിക്ക് കഴിയുമെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സ്വകാര്യ ദീർഘദൂര ബസുകളുമായി മത്സരിക്കാൻ നിലവിലെ കെഎസ്ആർടിസി ബസുകൾക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.
സീറ്റുകൾ കുഴിഞ്ഞു താഴുന്നതും, ബസിനുള്ളിൽ അമിതമായ ചൂട് അനുഭവപ്പെടുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. പഴയ ബസുകളിൽ ഉണ്ടായിരുന്ന ലവൽ പ്ലാറ്റ്ഫോമിന് പകരം, പുതിയ ബസുകളിൽ ടയറിന് മുകളിൽ വരുന്ന സീറ്റുകൾ ഒരു പടിക്കെട്ടിന് മുകളിലെന്ന പോലെ ഉയർന്നിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പുതിയ ബസിലെ പ്രധാന പോരായ്മകൾ:
∙ കുറഞ്ഞ ലെഗ് സ്പേസ്.
∙ പിന്നിലേക്കു ചായാൻ കഴിയാത്ത സീറ്റുകൾ.
∙ ബസിനുള്ളിൽ രണ്ടുപേർക്ക് ഒരുമിച്ചു നീങ്ങാൻ കഴിയാത്ത വീതികുറഞ്ഞ പാസേജ്.
∙ ഗ്ലാസ് വിൻഡോ കാരണം അനുഭവപ്പെടുന്ന അമിത ചൂട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

