ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസ് ആരംഭിക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്ത് റീട്ടെയ്നിങ് വാളിന് പകരം വയഡക്ട് മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യതയേറുന്നു. ഈ മാറ്റം യാഥാർത്ഥ്യമാകുന്നതോടെ വേളാപുരം–അരോളി മാങ്കടവ് റോഡിലേക്കുള്ള അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കപ്പെടും.
നിലവിൽ കോട്ടക്കുന്ന് മുതൽ കണ്ണൂർ വരെയുള്ള ഭാഗത്ത് വയഡക്ട് മാതൃകയിലാണ് പാത നിർമിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം പാപ്പിനിശ്ശേരി വേളാപുരം വരെ വിവിധയിടങ്ങളിൽ തൂണുകളിൽ ഉയർത്തി റോഡ് നിർമിക്കാനാണ് പുതിയ ആലോചന.
വേളാപുരം മുതൽ തുരുത്തി വരെ നീളുന്ന ചതുപ്പ് പ്രദേശത്ത് റീട്ടെയ്നിങ് വാൾ കെട്ടി മണ്ണിട്ടുയർത്തി റോഡ് നിർമിക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഒരു വർഷം മുൻപേ പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ദേശീയപാത പ്രോജക്ട് ഡയറക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. മണ്ണിന്റെ ഭാരവാഹകശേഷി കുറവായ ഇത്തരം പ്രദേശങ്ങളിൽ നടത്തുന്ന നിർമാണങ്ങൾ പിന്നീട് ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ടെന്ന വിദഗ്ധ മുന്നറിയിപ്പ് പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് നടത്തിയ മണ്ണുപരിശോധനയിൽ ഈ പ്രദേശം നിർമാണത്തിന് അനുയോജ്യമല്ലാത്ത വിധം ദുർബലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീട്ടെയ്നിങ് വാൾ ഒഴിവാക്കി തൂണുകൾ ഉപയോഗിച്ചുള്ള നിർമാണത്തിലേക്ക് അധികൃതർ കടക്കുന്നത്.
വളപട്ടണം പാലത്തിന്റെ ഇരുവശങ്ങളിലേക്കും സ്പാനുകൾ നീട്ടാനും പദ്ധതിയുണ്ട്. അതേസമയം, ഉറപ്പുള്ള മണ്ണുള്ള ഭാഗങ്ങളിൽ റീട്ടെയ്നിങ് വാൾ നിർമാണം തുടരും.
ചതുപ്പ് പ്രദേശങ്ങളിൽ നേരത്തെ നിർമിച്ച റീട്ടെയ്നിങ് വാളുകളിൽ നിറച്ചിരുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തുള്ള അടിപ്പാതയോട് ചേർന്ന് ഇരുവശത്തേക്കും സ്പാനുകൾ നീട്ടി പാലം നിർമിക്കാനാണ് നിലവിലെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

