ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ബിഹാറിനെ പ്രതിനിധീകരിക്കുന്ന ഒരു ടീമിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ രംഗത്തെത്തി. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളെ മാതൃകയാക്കി ബിഹാറിനും സ്വന്തമായി ഒരു ടീം വേണമെന്ന നിർദേശം അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന് മികച്ച പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ ബിഹാർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനിൽ അഗർവാൾ എടുത്തുപറഞ്ഞു. ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, സുശാന്ത് മിശ്ര തുടങ്ങിയവർ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
പട്നയിൽ ജനിച്ച ഇഷാൻ കിഷൻ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബോളിൽ ഇരട്ട സെഞ്ചറി നേടിയ താരമാണ്.
സമസ്തിപുരിൽ നിന്നുള്ള വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയപ്പോൾ, ഗോപാൽഗഞ്ചിൽ നിന്നുള്ള സാകിബ് ഹുസൈനും ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സംസ്ഥാനത്തെ ക്രിക്കറ്റ് മേഖലയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ബിഹാർ വെറുമൊരു സംസ്ഥാനമല്ല, അതൊരു വികാരമാണെന്ന് വിശേഷിപ്പിച്ച അഗർവാൾ, പുതിയ ടീം രൂപീകരണത്തിന് ബിഹാർ ക്രിക്കറ്റ് അസോസിയേഷനും താരങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്തു. ‘‘ബിഹാറിലെ യുവാക്കൾക്ക് വിവിധ മേഖലകളിൽ കഴിവുതെളിയിക്കാൻ എല്ലാ പിന്തുണയും നൽകാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
മികച്ച പരിഗണനയും പ്രോത്സാഹനവും ഉറപ്പാക്കിയാൽ ബിഹാറിൽ നിന്നുള്ള ടീം ലോകത്തെ ഏറ്റവും ബെസ്റ്റ് ആകും’’ – അനിൽ അഗർവാൾ പറഞ്ഞു. ഈ അഭിപ്രായപ്രകടനം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ബിഹാർ ടീം രൂപീകരിക്കപ്പെട്ടാൽ ടീമിന്റെ നായകസ്ഥാനം ആർക്കായിരിക്കും, സംസ്ഥാനത്ത് രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഉയരുമോ തുടങ്ങിയ ചോദ്യങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്. ‘പട്ന പേട്രിയറ്റ്സ്’ എന്ന പേരടക്കം വിവിധ നിർദേശങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു.
അതേസമയം, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ എൻഎസ്ഇയിൽ 329 രൂപയിലാണ് വ്യാപാരം നടത്തിയത്. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

