മൂന്നാർ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന അക്രമ സംഭവങ്ങൾ വർധിക്കുന്നത് ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് വലിയ ഭീഷണിയാകുന്നു. ഇത്തരം സംഭവങ്ങൾ വിനോദസഞ്ചാര വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അക്രമങ്ങൾ നേരിടുന്ന സഞ്ചാരികൾ നിയമനടപടികൾക്ക് മുതിരാൻ മടിക്കുന്നതും, പരാതി നൽകുന്നതിൽ കാണിക്കുന്ന വിമുഖതയും അക്രമികൾക്ക് പ്രോത്സാഹനമാകുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മേഖലയിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ട്രാഫിക് ബ്ലോക്കുകളിൽ മണിക്കൂറുകളോളം കുടുങ്ങി മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തരം ദുരനുഭവങ്ങൾ കൂടി ഉണ്ടാകുന്നത് വിനോദസഞ്ചാര മേഖലയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു. രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് ഏറെയും മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. വാഹന പാർക്കിങ്, വാഹനങ്ങൾ ഉരസുന്നത്, ഊബർ ടാക്സികളുടെ ഉപയോഗം, റോഡിൽ സൈഡ് നൽകുന്നത് തുടങ്ങിയ നിസ്സാര കാര്യങ്ങളാണ് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ടോപ് സ്റ്റേഷനിൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം രൂക്ഷമാണ്. തമിഴ്നാട് സർക്കാരിന്റെ അധികാരപരിധിയിലുള്ള ഇവിടം കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ കീഴിലാണെങ്കിലും, 130 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ നിന്ന് അടിയന്തര സഹായം ലഭിക്കുക അസാധ്യമാണ്.
ദിവസവും പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ പൊലീസ് സാന്നിധ്യമില്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തിന് നേരെ ടോപ് സ്റ്റേഷനിൽ വച്ച് ഉണ്ടായ അക്രമം ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്.
വഴിയോര കടയ്ക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ നാട്ടുകാരും കച്ചവടക്കാരും ചേർന്ന് മർദിക്കുകയായിരുന്നു. വട്ടവട
എയ്ഡ് പോസ്റ്റിൽ നിന്നും എത്തിയ രണ്ട് പോലീസുകാരാണ് സംഭവസ്ഥലത്തെത്തി സംഘത്തെ രക്ഷപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും സ്ഥിരമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

