ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് നഗരവാസികൾക്ക് കടുത്ത ദുരിതമായി മാറുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഗതാഗതം വഴിതിരിച്ചുവിട്ട
തെക്കേക്കരയിലെയും വടക്കേക്കരയിലെയും റോഡുകൾ ഇപ്പോൾ കല്ലും ചെളിയും നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തെക്കേക്കരയിലെ റോഡ് ധൃതിപിടിച്ച് തുറന്നുകൊടുത്തെങ്കിലും, തുടർനടപടികൾ സ്വീകരിക്കുന്നതിൽ കിഫ്ബി ഉദ്യോഗസ്ഥരും കരാർ കമ്പനിയും വലിയ അനാസ്ഥയാണ് കാണിക്കുന്നത്.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് അന്നത്തെ നഗരസഭാധികൃതർ ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. നിലവിലെ ഭരണസമിതിയും സമാനമായ പ്രഖ്യാപനങ്ങൾ ആവർത്തിച്ചെങ്കിലും സാഹചര്യത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
നിലവിൽ ടൈലുകളും വലിയ കല്ലുകളും നിറഞ്ഞ് കുഴികളായ ഈ റോഡിലൂടെയുള്ള യാത്ര ഇരുചക്രവാഹന യാത്രക്കാർക്ക് അടിക്കടി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വരെയും തുറന്നുകൊടുത്ത റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.
വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് മൂന്ന് മീറ്റർ വീതിയിൽ ഒരുക്കിയ സർവീസ് റോഡുകളിൽ വലിയ കുഴികളും കമ്പികളും നിറഞ്ഞത് അപകടസാധ്യത വർധിപ്പിക്കുന്നു. മഴ കനത്തതോടെ റോഡുകൾ ചെളികുളമായി മാറിയിരിക്കുകയാണ്.
ഇതിനിടെ, സർവീസ് റോഡിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ പലതവണ പൊട്ടിയത് യാത്രക്കാർക്ക് കൂടുതൽ ദുരിതമായി. ഭാരവാഹനങ്ങൾ കയറുമ്പോൾ പൈപ്പ് ലൈൻ തകരാൻ സാധ്യതയുണ്ടെന്നും, പാലം നിർമാണം പൂർത്തിയാകും വരെ കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ഏപ്രിൽ ആദ്യം മുതൽ പാലം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
മാർച്ച് മുതൽ ആരംഭിച്ച മെല്ലെപ്പോക്ക് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങളെ പൂർണ്ണമായി ബാധിച്ചിരിക്കുകയാണ്. കരാർ കമ്പനിയിലെ നൂറിലേറെ വരുന്ന അതിഥിത്തൊഴിലാളികൾ വോട്ടുചെയ്യാനായി പശ്ചിമ ബംഗാളിലേക്ക് പോയ ശേഷം തിരികെ എത്താതിരുന്നതും നിർമ്മാണത്തെ സാരമായി ബാധിച്ചു.
ഭരണപരമായ മാറ്റങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

