ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ദേശീയപാതയിൽ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. പത്താൻകോട്ട് ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് എന്ന ബിട്ടുവാണ് സുജൻപൂർ പോലീസിന്റെ പിടിയിലായത്.
പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയിലാണ് ഇയാൾ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നത്. ഈ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഏജന്റുകൾക്ക് തത്സമയം ലഭ്യമാക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി.
സൈനിക വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുകയായിരുന്നു ക്യാമറ സ്ഥാപിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം. സംഭവത്തിൽ ദേശീയ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയിൽ സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സുജൻപൂർ പോലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതി ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തി.
ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും, ഇതിനായി 40,000 രൂപ പ്രതിഫലം ലഭിച്ചതായും ബൽജിത് സിങ് പോലീസിനോട് സമ്മതിച്ചു. പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കേസിൽ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നീ കൂട്ടാളികൾക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാരസംഘങ്ങളെ പോലീസ് പിടികൂടിയിരുന്നു.
അന്ന് ചൈനീസ് നിർമ്മിത സിസിടിവി ക്യാമറ, യുഎസ്ബി വഴി ബന്ധിപ്പിച്ച 4G കണക്റ്റിവിറ്റിയുള്ള സോളാർ പ്ലേറ്റ് എന്നിവ പിടിച്ചെടുത്തിരുന്നു. വയറിങ്ങിന്റെ ആവശ്യമില്ലാത്ത ഇത്തരം അത്യാധുനിക ക്യാമറകൾ രഹസ്യനിരീക്ഷണത്തിന് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
പത്താൻകോട്ടിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം സുരക്ഷയും നിരീക്ഷണവും പോലീസ് കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

