തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ശ്രദ്ധേയമായ കൂടിക്കാഴ്ച നടന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
ടി.കെ.ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് അഭിവാദ്യം ചെയ്തു. പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ കർമ്മം നിർവഹിച്ചത്.
തികഞ്ഞ ഗൗരവത്തോടെയായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ നടത്തിയ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. പത്നിക്കൊപ്പം കോടിയേരിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന്, കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച ഒരാൾ സിപിഎം നേതാവിന്റെ വസതിയിൽ എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ, അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി അഭിപ്രായഭിന്നതയിലായത്.
ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ, ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയത് സിപിഎം അണികളിലും നേതാക്കളിലും അമ്പരപ്പുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പോളിങ് സ്റ്റേഷനിൽ എത്തിയ ടി.കെ.ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ കൂവി വിളിച്ച സംഭവവും ഉണ്ടായി.
ടി.കെ.ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.ഗോവിന്ദനെന്ന് കെ.കെ.രാഗേഷ് ആരോപിച്ചു.
പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദനും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

