തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദന്റെ സാന്നിധ്യവും ഇടപെടലുകളും ശ്രദ്ധയാകർഷിച്ചു. ചടങ്ങിന് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തിയ ടി.കെ.ഗോവിന്ദൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം നൽകുകയും ചെയ്തു.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹം സഗൗരവമായി സത്യപ്രതിജ്ഞ നിർവഹിച്ചത്. നേരത്തെ, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
ഭാര്യയോടൊപ്പം എത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വസതിയിലെ മ്യൂസിയവും ഓർമ ചിത്രങ്ങളും സന്ദർശിക്കുകയും ചെയ്തു. പാർട്ടി വിട്ട്, പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരാൾ സിപിഎം മുതിർന്ന നേതാവിന്റെ വസതിയിൽ സന്ദർശനം നടത്തുന്നത് ശ്രദ്ധേയമായ ഒരു സംഭവമാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തേക്ക് എത്തിയത്. എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം പി.കെ.ശ്യാമളയെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം ടി.കെ.ഗോവിന്ദനെ അതൃപ്തനാക്കിയിരുന്നു.
ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച പരിചയമുള്ള അദ്ദേഹം, സ്വന്തം പാർട്ടി സ്ഥാനാർഥിക്കെതിരെ ജനവിധി തേടിയത് അണികളിലും നേതാക്കളിലും ഒരുപോലെ അമ്പരപ്പുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ വ്യാപകമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടി.കെ.ഗോവിന്ദന്റെ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പോളിങ് ബൂത്തിലെത്തിയ ഗോവിന്ദനെതിരെ ഒരു വിഭാഗം പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു.
“അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന്” സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് ഇതിനോട് പ്രതികരിച്ചു.
അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

