കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ മോഷണം നടന്നു. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിയിൽ പൂട്ടിയിട്ട
ശേഷമാണ് അക്രമി മോഷണം നടത്തിയത്. സംഭവത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
പിക്കാസുമായി എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് അകത്തുകടന്നത്. തുടർന്ന് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർക്കുകയും മേശവലിപ്പുകൾ കുത്തിത്തുറന്ന് പണം അപഹരിക്കുകയുമായിരുന്നു.
ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. എന്നാൽ, ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കവർന്നു.
മോഷണം നടക്കുന്നതിനിടെ പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കവേ, മുറിയിൽ പൂട്ടിയിട്ടിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി മതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അക്രമിയും സുരക്ഷാ ജീവനക്കാരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

