ആമ്പല്ലൂർ മേഖലയിൽ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ വെള്ളക്കെട്ടിലാക്കുമെന്ന ആശങ്ക ശക്തമാകുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം ഒഴുക്കിവിടുന്നതിനായുള്ള ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രദേശവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ദേശീയപാതയുടെ അടിപ്പാതയുള്ള ഭാഗങ്ങളിൽനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന വെള്ളം നെന്മണിക്കരയുടെ വിവിധ ഭാഗങ്ങളിലേക്കാണ് എത്തുന്നത്. ഈ വെള്ളം സുഗമമായി ഒഴുക്കിവിടാനുള്ള സംവിധാനം നിലവിലില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇതുമൂലം നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തേക്കാം.
പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം ഒരുക്കി വെള്ളം പുഴയിലേക്ക് ഒഴുക്കിക്കളയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പരിശോധനാ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

