ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAAPA) നിയമപ്രകാരം തടവിലാക്കി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇയാളെ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉവൈസ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയും ചെയ്ത സംഭവത്തോടെയാണ് ഇയാൾക്കെതിരെയുള്ള നടപടികൾ കർശനമാക്കിയത്. ഈ കേസ് കൂടി പരിഗണിച്ചാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ തുടർനടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

