വയനാട്ടിലെ തോട്ടങ്ങളിൽ വേണ്ടത്ര പരിചരണമോ വിപണന സാധ്യതകളോ ലഭിക്കാതെ നശിച്ചുപോകുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ വൻ സ്വീകാര്യത. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചുകൊണ്ടിരിക്കുന്നത്.
കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയ്ക്ക് വലിയ ഡിമാൻഡാണുള്ളത്. പഴുത്ത ചക്കയും ചുളകൾ വേർപ്പെടുത്തിയതും പച്ചച്ചക്കയും അടക്കം വിവിധ രൂപങ്ങളിൽ ഇവിടെ ഇവ ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. വിപണിയിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില ഈടാക്കുന്നത്.
ഒരു ചുളയ്ക്ക് ആറ് രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഈ വിപണന ശൃംഖലയിലൂടെ ഒരു ചക്ക മുറിച്ചു വിൽക്കുന്നതിലൂടെ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
വയനാട്ടിൽ നിന്നുള്ള ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ഇവ കർണാടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നത്.
ജില്ലയിൽ എല്ലാ വർഷവും ടൺ കണക്കിന് ചക്കയാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ, സംസ്കരണ സൗകര്യങ്ങളോ വിപണന സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഇവയിൽ ഭൂരിഭാഗവും തോട്ടങ്ങളിൽ പഴുത്ത് നശിക്കുകയാണ്.
ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്. കാർഷിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, ഇവയ്ക്ക് സുസ്ഥിരമായ വിപണിയോ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സംസ്കരണ സംവിധാനങ്ങളോ ഒരുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല എന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

