തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അഭിവാദ്യം ചെയ്ത് തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ. പിണറായി വിജയന്റെ അടുത്തേക്ക് നേരിട്ടെത്തി ഹസ്തദാനം നൽകിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടന്നത്.
തികച്ചും സഗൗരവമായാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞ നിർവഹിച്ചത്. തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയ്ക്കൊപ്പം കോടിയേരിയുടെ വസതിയിലെത്തിയ ഗോവിന്ദൻ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. പാർട്ടിയിൽ നിന്നും പുറത്തുപോയി പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്ന ആദ്യ സംഭവമാണിത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്.
60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് സിപിഎം അണികളിലും നേതാക്കളിലും ഞെട്ടലുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി.
അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് പ്രതികരിച്ചു.
പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദനും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

