ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ ശാലയിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നത് വിദ്യാർഥികളുടെ പഠന-ഭക്ഷണ സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, അങ്കണവാടി ഉടൻ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് കർശന നിർദേശം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം ഇരുനൂറ്റി അൻപതോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 187 കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
ഇവർക്കായി 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. എന്നാൽ കെട്ടിടം നിർമിച്ചത് മുതൽ അങ്കണവാടിയും ഇതിനുള്ളിൽ പ്രവർത്തിക്കുന്നതിനാൽ, നിലവിൽ 50 കുട്ടികൾക്ക് പോലും തികയാത്തത്ര സൗകര്യം മാത്രമാണ് ഉച്ചഭക്ഷണ ശാലയിലുള്ളത്.
സ്കൂളിലെ പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി, അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് താൽക്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എന്നാൽ എട്ട് വർഷം പിന്നിട്ടിട്ടും അങ്കണവാടി മാറ്റി സ്ഥാപിക്കുമെന്ന ഉറപ്പ് നടപ്പായില്ല. ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പഠനവും ഭക്ഷണവും കളിയുമെല്ലാം ഈ ഒറ്റ മുറിയിലാണ് നടക്കുന്നത്.
ഉച്ചസമയത്ത് 187 വിദ്യാർഥികൾ കൂടി എത്തുമ്പോൾ ഇവിടെ അനുഭവപ്പെടുന്ന തിരക്കും അസൗകര്യവും കുട്ടികളുടെ ഭക്ഷണത്തെ വലിയ തോതിൽ തടസ്സപ്പെടുത്തുന്നുണ്ട്. പുതിയ കെട്ടിട
നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്രവർത്തനം മാറ്റിയാൽ നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു.
ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

