അഹമ്മദാബാദിൽ നടന്ന നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് കനത്ത തോൽവി വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായി. 230 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് വെറും 13.4 ഓവറിൽ 140 റൺസ് മാത്രമാണ് നേടാനായത്.
89 റൺസിന്റെ കൂറ്റൻ തോൽവിയാണ് ചെന്നൈ നേരിട്ടത്. ഐപിഎൽ ചരിത്രത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത്.
ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് അടിച്ചുകൂട്ടിയത്. സായ് സുദർശൻ (53 പന്തിൽ 84), ശുഭ്മാൻ ഗിൽ (37 പന്തിൽ 64), ജോസ് ബട്ലർ (27 പന്തിൽ 57) എന്നിവരുടെ അർധസെഞ്ചുറികളാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പാളി. മുഹമ്മദ് സിറാജിന്റെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ ബട്ലർക്ക് ക്യാച്ച് നൽകി ഗോൾഡൻ ഡക്കായി പുറത്തായി.
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (16), മാത്യു ഷോർട്ട് (24), അൻഷുൽ കാംബോജ് (19) എന്നിവർ പൊരുതിയെങ്കിലും ഗുജറാത്ത് ബൗളർമാർക്കു മുന്നിൽ ചെന്നൈ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ശിവം ദുബെ 17 പന്തിൽ 47 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ചെന്നൈയുടെ നടുവൊടിച്ചു. ഈ തോൽവിയോടെ 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ സീസൺ അവസാനിപ്പിച്ചത്.
18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

