ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനും തടസ്സം സൃഷ്ടിച്ചുകൊണ്ട് സ്കൂൾ വളപ്പിലെ ഡൈനിങ് ഹാളിൽ അങ്കണവാടി പ്രവർത്തിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാകുന്നു. ഈ സാഹചര്യത്തിൽ, അങ്കണവാടി അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരെ സമീപിച്ചു.
ഹൈസ്കൂളിലെ ഇരുനൂറ്റമ്പതോളം വിദ്യാർഥികളിൽ 187 പേരാണ് ദിവസവും ഉച്ചഭക്ഷണം കഴിക്കുന്നത്. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
എന്നാൽ കെട്ടിടം നിർമിച്ച കാലം മുതൽ അങ്കണവാടിയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. നിലവിൽ 50 കുട്ടികൾക്ക് പോലും ഇരുന്നു ഭക്ഷണം കഴിക്കാൻ ആവശ്യമായ ഇടം ഇവിടെയില്ല.
സ്കൂളിലെ ക്ലാസ് മുറികളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ താൽക്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. അന്ന് അധികൃതർ നൽകിയ ഉറപ്പ് എട്ടു വർഷമായിട്ടും നടപ്പിലായിട്ടില്ല.
ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനമുറിയും അടുക്കളയും കളിയുപകരണങ്ങളും വിശ്രമസ്ഥലവുമെല്ലാം ഈ ഒറ്റ മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉച്ചസമയത്ത് 187 വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാകുന്നു.
നിലവിൽ സ്കൂളിൽ ക്ലാസുകൾ നടത്താനാവശ്യമായ മുറികൾ മാത്രമാണുള്ളത്. വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി പ്രവർത്തനം അങ്ങോട്ട് മാറ്റുക എന്നതാണ് നിലവിലെ പ്രശ്നത്തിന് ഉചിതമായ പരിഹാരമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

