പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തോട് പൂർണ്ണമായും വിയോജിച്ചുകൊണ്ട് കുടുംബം രംഗത്തെത്തി.
സംഭവം നടന്ന ദിവസം പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അവർ ഒരിക്കലും ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് സോനയുടെ മാതാവ് വസന്ത വ്യക്തമാക്കി. “പെട്രോൾ രജിൻ ലാൽ പറഞ്ഞു വാങ്ങിപ്പിച്ചതായിരിക്കാം” എന്നാണ് വസന്തയുടെ സംശയം.
സംഭവ ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരു അസ്വാഭാവികതയും അന്ന് അനുഭവപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായും, ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ട് മാസം പാലേരിയിലെ വീട്ടിലായിരുന്ന സോനയെ ഭർത്താവ് രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയതെന്നും മാതാവ് അറിയിച്ചു.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി.
തന്റെ മകന്റെ മേൽ മാത്രം കുറ്റം ചാർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ ആരോപിച്ചു. മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും രംഗത്തെത്തിയ സാഹചര്യത്തിൽ കേസ് അന്വേഷണം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

