കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച സോന ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് യുവതിയുടെ കുടുംബം.
കേസ് ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തെ കുടുംബാംഗങ്ങൾ പൂർണ്ണമായും തള്ളിപ്പറഞ്ഞു. സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് മാതാവ് വസന്ത വ്യക്തമാക്കി.
അന്ന് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കിയ സോന, രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ടുമാസം പാലേരിയിലെ വീട്ടിൽ കഴിഞ്ഞിരുന്ന സോനയെ, ഭർത്താവ് രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്.
പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാം എന്നാണ് മാതാവിന്റെ സംശയം. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ദുരൂഹമായ ആരോപണങ്ങളുമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജനും രംഗത്തെത്തി. തന്റെ മകന്റെ മേൽ മാത്രം കുറ്റം കെട്ടിവെക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുഭാഗത്തുനിന്നും പരസ്പരവിരുദ്ധമായ മൊഴികൾ ഉയർന്നുവന്നതോടെ, അന്വേഷണം ഏത് ദിശയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

