ആറന്മുള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യം പ്രതിസന്ധിയിൽ. സ്കൂളിലെ ഡൈനിങ് ഹാൾ ദീർഘകാലമായി അങ്കണവാടി പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതാണ് കുട്ടികൾക്ക് തിരിച്ചടിയാകുന്നത്.
ഈ സാഹചര്യത്തിൽ, അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ജില്ലാ പഞ്ചായത്ത് നിർദേശം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഇരുനൂറ്റി അൻപതോളം വിദ്യാർഥികളിൽ 187 പേരാണ് സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നത്.
ഇവർക്കായി 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. എന്നാൽ, കെട്ടിടം പൂർത്തിയായ സമയം മുതൽ ഇവിടെ അങ്കണവാടി പ്രവർത്തിച്ചു വരികയാണ്.
നിലവിൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത വിധം സ്ഥലപരിമിതി രൂക്ഷമാണ്. പഴയ ഓടിട്ട
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളെത്തുടർന്നാണ് അങ്കണവാടി താൽക്കാലികമായി ഇവിടെക്ക് മാറ്റിയത്. അന്ന് അധികൃതർ നൽകിയ ഉറപ്പ് എട്ടു വർഷം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല.
നിലവിൽ ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പഠനം, അടുക്കള, കളിയുപകരണങ്ങൾ എന്നിവയെല്ലാം ഈ ഒരൊറ്റ മുറിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ എത്തുന്ന 187 വിദ്യാർഥികൾ വലിയ തിരക്കാണ് അനുഭവിക്കുന്നത്.
സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
ഇതിനായുള്ള തുടർനടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണമെന്നാണ് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

