ആലത്തൂർ കാവശ്ശേരി കൊങ്ങാളക്കോട്ടെ ചെമ്പകശ്ശേരി ജ്യോതിയുടെ (49) തൊഴിൽ ലഭിക്കാനുള്ള നീണ്ട പോരാട്ടം രണ്ട് പതിറ്റാണ്ട് പിന്നിടുന്നു.
നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് ജ്യോതി പറയുന്നു. 2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെത്തുടർന്ന് കുഴൽമന്ദത്തെ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ ഇവർക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നു.
ആറു മാസത്തേക്കായിരുന്നു നിയമനമെങ്കിലും, ഭിന്നശേഷി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ പിരിച്ചുവിട്ടതായി ജ്യോതി വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജ്യോതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഈ താൽക്കാലിക ജോലി ലഭിച്ചത്.
പിതാവ് 35 വർഷം മുൻപ് അന്തരിച്ചു. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന മാതാവും മരണപ്പെട്ടതോടെ ജ്യോതി ജീവിതത്തിൽ ഒറ്റയ്ക്കായി.
വിവാഹിതയാണെങ്കിലും ഭർത്താവുമായി അകന്നുകഴിയുന്ന ഇവർ, കാലിനും കൈക്കും സ്വാധീനക്കുറവുള്ള അവസ്ഥയിലും അതിജീവനത്തിനായി തൊഴിൽ തേടി അലയുകയാണ്. ജോലിയിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ നേരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനാൽ ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം ആരംഭിക്കുമെന്ന് ജ്യോതി അറിയിച്ചു. പഞ്ചായത്തും സന്നദ്ധസംഘടനയും ചേർന്ന് നൽകിയ നാല് സെന്റ് സ്ഥലത്തെ വീട്ടിലാണ് നിലവിൽ താമസം.
തുച്ഛമായ പെൻഷൻ തുകയിൽ ജീവിതം തള്ളിനീക്കുന്ന ജ്യോതി, പുതിയ സർക്കാർ വിഷയത്തിൽ ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

