ആലത്തൂർ കാവശ്ശേരി കൊങ്ങാളക്കോട്ടെ താമസക്കാരിയായ ചെമ്പകശ്ശേരി ജ്യോതി (49), കഴിഞ്ഞ ഇരുപത് വർഷമായി ഉപജീവനത്തിനായി സ്ഥിരമായൊരു തൊഴിൽ എന്ന ആവശ്യവുമായി നീതി തേടിയുള്ള പോരാട്ടത്തിലാണ്. ഭിന്നശേഷിക്കാരിയായ ജ്യോതിക്ക് തൊഴിൽ ലഭ്യമാക്കാൻ വിവിധ തലങ്ങളിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെത്തുടർന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കുഴൽമന്ദം ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ ഇവർക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നു. ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കിലും കാലാവധി പൂർത്തിയാകും മുൻപേ തന്നെ ജോലിയിൽ നിന്നും ഒഴിവാക്കപ്പെട്ടതായി ജ്യോതി ചൂണ്ടിക്കാട്ടുന്നു.
“ഭിന്നശേഷി സംഘടനാ പ്രവർത്തനത്തിൽ നിന്ന് ഒഴിവാകണമെന്ന നിർദേശം അംഗീകരിക്കാത്തതുകൊണ്ടു കാലാവധി പൂർത്തിയാക്കും മുൻപേ തന്നെ പിരിച്ചുവിട്ടെന്നു ജ്യോതി പറഞ്ഞു.” പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ജ്യോതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് കാത്തിരുന്നെങ്കിലും തൊഴിൽ ലഭിച്ചില്ല. പിതാവിന്റെ വിയോഗത്തിന് ശേഷം കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന മാതാവും മരണപ്പെട്ടതോടെ ജ്യോതി പൂർണ്ണമായും ഒറ്റപ്പെട്ടു.
ശാരീരിക പരിമിതികൾക്കിടയിലും ജോലി ചെയ്ത് അന്തസ്സോടെ ജീവിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. സെക്രട്ടേറിയറ്റിനു മുന്നിൽ നേരത്തെ നടത്തിയ സമരങ്ങൾ ഫലവത്താകാത്ത സാഹചര്യത്തിൽ, ഈ മാസം 25 മുതൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ.
നിലവിൽ തുച്ഛമായ പെൻഷൻ തുകയിൽ ജീവിക്കുന്ന ജ്യോതി, പഞ്ചായത്തിന്റെയും സന്നദ്ധസംഘടനയുടെയും സഹായത്തോടെ ലഭിച്ച നാല് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. സർക്കാർ വിഷയത്തിൽ അടിയന്തരവും അനുഭാവപൂർവവുമായ ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് ജ്യോതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

