കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടും റോഡും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിൽ വ്യാപക പ്രതിഷേധം. രണ്ട് വർഷം പിന്നിട്ടിട്ടും അർഹതപ്പെട്ട
തുക ലഭിക്കാത്തതിനെത്തുടർന്ന് ദുരിതബാധിതർ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതല ഓഫിസുകൾ എന്നിവിടങ്ങളിൽ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെ ജില്ലയിൽ ദുരന്തത്തിൽപ്പെട്ട 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ അനുവദിക്കേണ്ടതുള്ളത്.
കൃഷിനാശം സംഭവിച്ചവർ, വീട് ഭാഗികമായും പൂർണമായും തകർന്നവർ എന്നിവരെല്ലാം നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാരം വിതരണം ചെയ്യാനായി ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അർഹരായവരുടെ പട്ടിക കലക്ടർക്കും സർക്കാരിനും സമർപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക അക്കൗണ്ടിലെത്തിയില്ല.
തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തുക ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതും ഫലം കണ്ടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ച സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥർ വീണ്ടും വകുപ്പിന് റിമൈൻഡർ റിപ്പോർട്ട് കൈമാറി.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. അടിയന്തര സാഹചര്യത്തിൽ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയ റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള തുകയും ലഭിക്കാനുണ്ട്.
മൃഗങ്ങൾക്കുണ്ടായ നഷ്ടം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കും ഈ തുക അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

