ദുബായിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ സ്വരൂപിച്ച സമ്പാദ്യം കൊണ്ടാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ തന്റെ സ്വപ്നഭവനം നിർമിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ച വർഷം തന്നെ വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, ഗൃഹപ്രവേശത്തിന് തയാറെടുക്കുന്നതിനിടെ വീടിന്റെ ഒരു ഭാഗം പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട
വിവരം മാതാവ് എലിസബത്ത് ജോൺ അറിയാനിടയായി. എം.ടി.
സെമിനാരി സ്കൂളിലെ മുൻ ഡപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത്, മകനെ മാനസികമായി വിഷമിപ്പിക്കാതിരിക്കാൻ തുടക്കത്തിൽ ഈ വിവരം മറച്ചുവെച്ചു. തുടർന്ന് മകനറിയാതെ സമരങ്ങളിൽ പങ്കെടുത്ത അവർ പിന്നീട് നടന്ന കാര്യങ്ങൾ ഉമ്മൻ ജോണിനെ ബോധ്യപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതി മരവിച്ച അവസ്ഥയിലായതിനാൽ കുടുംബം ഗൃഹപ്രവേശം മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തിയാൽ ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
മറുഭാഗത്ത്, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തലിൽ ഇന്നലെ 1490-ാം ദിവസവും പിന്നിട്ടു. 2022 ഏപ്രിൽ 20-നാണ് ഇവിടെ സ്ഥിരം സമരപ്പന്തൽ ആരംഭിച്ചത്.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് പന്തൽ സ്ഥിതി ചെയ്യുന്നത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോസ്ലിൻ ഫിലിപ്പിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം ഏറെ വിവാദമായിരുന്നു.
അന്ന് കരഞ്ഞുകൊണ്ട് ഓടിയ മകൾ സോമിയ മെറിൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ ഇന്നലെയും സമരവേദിയിലെത്തിയിരുന്നു. പദ്ധതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ വലിയ ആശ്വാസത്തിലാണ് ഇവർ.
“ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.” എന്ന് സോമിയ മെറിൻ ഫിലിപ്പ് പ്രതികരിച്ചു. സമരപ്പന്തൽ പൊളിച്ചുമാറ്റുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യം സമരസമിതി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്.
നേരത്തെ, തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോൾ, ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സമരസമിതിക്കാർ വ്യക്തമാക്കി. ഉത്തരവ് ഔദ്യോഗികമായി ലഭിക്കുന്ന മുറയ്ക്ക് സമരം അവസാനിപ്പിക്കുമെന്ന് അവർ അറിയിച്ചു.
നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ‘വിക്ടറി ഡേ’ ആഘോഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

