തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഭരണ-സംഘടനാപരമായ വീഴ്ചകളിലാണെന്ന വിമർശനം പാർട്ടിയിൽ ശക്തമാകുമ്പോഴും, പരാജയത്തിന് പുതിയ കാരണങ്ങൾ കണ്ടെത്തി പ്രതിരോധം തീർക്കുകയാണ് കണ്ണൂരിലെ സി.പി.എം നേതൃത്വം. ഇ.കെ.
നായനാർ അനുസ്മരണ ചടങ്ങിലാണ് നേതൃത്വം തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്. ന്യൂനപക്ഷ വർഗീയതയുടെ സ്വാധീനമാണ് യു.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് ആരോപിച്ചു. “മതം നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂ, പള്ളിനോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു” എന്ന് അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലും പേരാവൂരിലും ബി.ജെ.പി.യുടെ തന്ത്രപ്രധാനമായ വോട്ടുകൾ ലഭിച്ചത് യു.ഡി.എഫിന് തുണയായെന്നും അദ്ദേഹം വിലയിരുത്തി. ഇടതുപക്ഷത്തിന്റെ വളർച്ചയിൽ ഭയന്ന തീവ്രവലതുപക്ഷം ഇടതുപക്ഷത്തെ തകർക്കാൻ കൈകോർത്തതാണ് എൽ.ഡി.എഫ് പരാജയത്തിന് കാരണമെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.
ജയരാജനും അഭിപ്രായപ്പെട്ടു. അതേസമയം, പത്തു വർഷം ഭരിച്ച സർക്കാർ മാറണമെന്ന പൊതുവികാരം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം.
രാഗേഷിന്റെ പരാമർശങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ഇന്നലെ ആരോപിക്കുകയുണ്ടായി. എന്നാൽ, പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ശൈലിയും സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകളും പരാജയത്തിന് കാരണമായെന്ന ആക്ഷേപം അണികളിൽ ശക്തമാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, പോളിങ് വർധിച്ചിട്ടും ജില്ലയിൽ എൽ.ഡി.എഫിന് 1.11 ലക്ഷം വോട്ടുകൾ കുറഞ്ഞത് ഗൗരവത്തോടെയാണ് പ്രവർത്തകർ നോക്കിക്കാണുന്നത്. തളിപ്പറമ്പിൽ പി.കെ.
ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതും, പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ മത്സരിപ്പിച്ചതും, പേരാവൂരിലെ കെ.കെ.
ശൈലജയുടെ സ്ഥാനാർത്ഥിത്വവും പാർട്ടിയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ ഇത്തരം ഏകപക്ഷീയ തീരുമാനങ്ങൾ സംസ്ഥാനത്തുടനീളം പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലുകൾക്കിടെ, പാർട്ടിക്കകത്തെ വ്യക്തിപരമായ വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രമായാണ് നേതൃത്വത്തിന്റെ പുതിയ വ്യാഖ്യാനങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

